12:08pm 06 November 2026
NEWS
പിണറായി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ കുറ്റപത്രം: അഡ്വ.അബിൻ വർക്കി
17/02/2025  08:42 PM IST
പി. ജയചന്ദ്രൻ
പിണറായി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ കുറ്റപത്രം: അഡ്വ.അബിൻ വർക്കി

? ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. അടുത്തവർഷം നിയമസഭാതെരഞ്ഞെടുപ്പും നടക്കും. നിർണ്ണായകമായ ഈ രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട്, ഇടതുസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ഒരു കുറ്റപത്രം സമർപ്പിച്ചാൽ എന്തൊക്കെയായിരിക്കും അതിൽ ഇടം പിടിക്കുക.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ഒരു കുറ്റപത്രം സമർപ്പിച്ചാൽ ഭാരതീയ നീതിന്യായ സംഹിതയിലെ മുഴുവൻ വകുപ്പുകളിലും പെടുന്ന കുറ്റങ്ങൾ അതിൽ ചേർക്കപ്പെടാനുണ്ടാകും. അതിൽ ചീറ്റിംഗ് കേസുകളുണ്ടാകും, കൊലപാതകങ്ങളുണ്ടാകും, മോഷണക്കുറ്റങ്ങളുണ്ടാകും, പറഞ്ഞുപറ്റിക്കലുണ്ടാകും... അങ്ങനെ എല്ലാകുറ്റങ്ങളും ചുമത്താൻ പറ്റുന്ന ഒരു കുറ്റപത്രമായിരിക്കും അത്.

ഏറ്റവും പ്രധാനം യുവാക്കളുടെ തൊഴിലില്ലായ്മയുടെ പ്രശ്‌നമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ രേഖപ്പെടുത്തിയ വർഷങ്ങളിലൂടെയാണ് ഇൻഡ്യ കടന്നുപോകുന്നത്. അതിൽതന്നെ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണെന്നാണ് കണക്കുകൾ പറയുന്നത്. അതുമാത്രമല്ല, കേരളത്തിൽ നിന്ന് വർദ്ധിച്ചുവരുന്ന മൈഗ്രേഷനും അതിപ്രധാനമായ ഒരു വിഷയമാണ്. മുൻപും, കേരളത്തിൽ നിന്ന് മൈഗ്രേഷൻ ഉണ്ടായിരുന്നെങ്കിലും അത് ഇന്നത്തെപ്പോലെയല്ല, ഗൾഫ് മൈഗ്രേഷനായിരുന്നു. ഗൾഫ് മൈഗ്രേഷനിൽ അവരവിടെ അദ്ധ്വാനിക്കുന്ന പണം നാട്ടിലേയ്ക്കയയ്ക്കുകയും, ഇവിടെ സമസ്ത മേഖലകളിലും വിനിയോഗിക്കപ്പെടുകയുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ മൈഗ്രേഷൻ എന്നുപറഞ്ഞാൽ കുട്ടികൾ പഠനം കഴിഞ്ഞും, പഠനം പാതിവഴിയിലാക്കിയുമൊക്കെ പോവുകയും അവിടെ പി.ആർ എടുക്കുകയും, സ്ഥിരതാമസമാക്കുകയും, ഇവിടത്തെ സ്ഥലമൊക്കെ വിൽക്കുകയും, പിന്നീട് നമ്മുടെ നാടുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥ സംജാതമാക്കുകയുമൊക്കെ ചെയ്യുന്ന മൈഗ്രേഷനാണ്.

അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം തൊഴിലില്ലായ്മയാണ്. രൂക്ഷമായ തൊഴിലില്ലായ്മ കൊണ്ടാണ് കേരളത്തിലെ യുവാക്കൾ ഇങ്ങനൊരു തീരുമാനം എടുത്തിട്ടുള്ളത്. ഒപ്പം യുവാക്കളോടുള്ള സർക്കാരിന്റെ നയങ്ങളും ഇതിന് കാരണമാണ്. അതുകൊണ്ട് പിണറായി സർക്കാരിനെതിരെ ഒരു കുറ്റപത്രം തയ്യാറാക്കുമ്പോൾ അതിൽ പ്രഥമസ്ഥാനം പിടിക്കുന്നത് തൊഴിലില്ലായ്മ തന്നെയാണ്.

രണ്ട്, ലഹരിയുമായി ബന്ധപ്പെട്ട വിഷയമാണ്. ഈയിടെ അമ്മയെ മകൻ വെട്ടിക്കൊന്ന വാർത്ത നമ്മൾ കേട്ടു. അതുപോലെ ചേന്ദമംഗലത്ത് മൂന്നുപേരെ ഒരു യുവാവ് വെട്ടിക്കൊന്ന വാർത്തയും നമ്മൾ കേട്ടു. അതിന്റെ തലേദിവസമാണ് ഒരു മുത്തശ്ശനും അമ്മയും വെട്ടേറ്റുമരിച്ച വാർത്ത കേട്ടത്. അതിദാരുണമായ ഈ കൊലപാതകങ്ങൾക്കൊക്കെയും കാരണം ലഹരിയാണെന്നും നമ്മളറിഞ്ഞു.

ലഹരിക്കേസുകളിൽ അതിഭീകരമായ വർദ്ധനവാണ് കേരളത്തിലുണ്ടായിട്ടുള്ളത്. 2008 ൽ കേവലം 573 ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024 ൽ ഇരുപത്തി അയ്യായിരത്തിനുമേൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അത്രകണ്ട് ഭീകരമാണ് കേരളത്തിൽ ലഹരിയുടെ ഉപയോഗം. അതാകട്ടെ സ്‌ക്കൂൾ തലം മുതൽ തുടങ്ങുന്നു എന്ന് ഞെട്ടിക്കുന്ന വാർത്തയുമുണ്ട്. ആ ലഹരിയുടെ ഉപയോഗം തടഞ്ഞുനിർത്താൻ സർക്കാരിന് കഴിയുന്നില്ല. 2016 നുശേഷമാണ് അത്യന്തം ഭീകരവും അപകടകരവുമായ വിധത്തിൽ, കേരളത്തിലെ യുവാക്കളുടെ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുന്ന വിധത്തിൽ ലഹരിയുടെ വ്യാപനം പേടിപ്പെടുത്തുംവിധം വർദ്ധിച്ചിട്ടുള്ളത്. എന്നാൽ അത്യന്തം ഗൗരവമേറിയ ഈ വിഷയത്തിൽ സർക്കാരിന്റേത് മെല്ലെപ്പോക്കുരീതിയാണ്. അതായിരിക്കും രണ്ടാമത്തെ വിഷയം.

സ്വാഭാവികമായും മൂന്നാമത്തെ വിഷയം വിലക്കയറ്റം തന്നെയാണ്. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം കാരണം ജനങ്ങൾ ഇത്രയും പൊറുതിമുട്ടുന്ന ഒരു കാലഘട്ടം മുൻപുണ്ടായിട്ടില്ല.

നാലാമത്തേത് അഴിമതിയാണ്. അതാണ് പരമപ്രധാനം. ഏറ്റവും ഒടുവിൽ ബ്രൂവറിയുമായിപ്പെട്ട അഴിമതിയുടെ കാര്യം നമുക്കൊക്കെ അറിയാം. ലഹരിയുടെ കാര്യം പറയുമ്പോൾതന്നെ കേരളത്തിൽ വർദ്ധിച്ചുവന്ന ബാറുകളുടെ എണ്ണം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1957 ലെ ഇ.എം.എസ് സർക്കാർ മുതൽ 2015 ൽ ഉമ്മൻചാണ്ടി സർക്കാർ വരെ 432 ബാറുകളാണ് ആകെ അനുവദിച്ചത്. അതുതന്നെ ഉമ്മൻചാണ്ടി സർക്കാർ നിർത്തലാക്കുകയും ചെയ്തു. 2016 മാർച്ച് മാസം ഉമ്മൻചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 29 ബാറുകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ആ സ്ഥാനത്ത് ഇന്ന് കേരളത്തിലുള്ള ബാറുകളുടെ എണ്ണം എത്രയാണെന്നോ, 932. ബിവറേജസിന്റെയും സപ്ലൈകോയുടെയുമൊക്കെ ഔട്ട്‌ലെറ്റുകൾ കൂടാതെയുള്ള കണക്കാണിത്. പിണറായി സർക്കാർ അധികാരം ഏറ്റെടുത്തശേഷമുള്ള എട്ടുവർഷത്തെ കണക്കാണിത്. അല്ലെന്നുപറയാമോ?

എന്നുപറഞ്ഞാൽ കേരളത്തെ എങ്ങനെ ലഹരിയിലേക്ക് വലിച്ചെറിയാം എന്നതിനെപ്പറ്റി പരീക്ഷണം നടത്തുന്ന സർക്കാരായി കേരളത്തിലെ പിണറായി സർക്കാർ മാറി.

പിന്നെ വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങളാണ്. വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണമാണ്.

അതുപോലെതന്നെ രാഷ്ട്രീയ കൊലപാതകങ്ങളിൽ, സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളേയും, പാർട്ടി ആ കൊലപാതകികളെ സംരക്ഷിക്കുന്നതിനെപ്പറ്റിയുമൊക്കെ, പൂർണ്ണമായിത്തന്നെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.

ഉദാഹരണത്തിന് പെരിയ ഇരട്ടക്കൊലപാതക കേസിന്റെ കാര്യം തന്നെ നോക്കാം. പെരിയ ഇരട്ടക്കൊലപാതകങ്ങളിൽ ശരത്‌ലാലിന്റേയും കൃപാലാലിന്റേയും മാതാപിതാക്കൾ കൊടുക്കുന്ന നികുതിപ്പണത്തിൽ നിന്നുപോലും എടുത്തിട്ടാണ്, അവരുടെ മക്കളുടെ ഘാതകരെ സംരക്ഷിക്കുവാനുള്ള തീരുമാനവും നടപടികളുമായി ഈ സർക്കാരും പാർട്ടിയും മുന്നോട്ടുപോകുന്നത്. തങ്ങൾക്ക് ഈ കൊലപാതകത്തിൽ പങ്കില്ല എന്ന് വലിയ വായിൽ പറഞ്ഞിട്ട്, ഖജനാവിലെ പണമെടുത്ത് കൊലപാതകികളെ സംരക്ഷിക്കുകയും, കൊലപാതക്കുറ്റം തെളിഞ്ഞ് എട്ടുപേർ ജയിലിലേക്ക് പോകുന്ന സ്ഥിതി വന്നപ്പോൾ അവർക്കുവേണ്ടി പിരിവ് നടത്തുകയും ചെയ്യുന്ന വിചിത്രമായ പാർട്ടിയായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയിരിക്കുന്നു. അതായത് എന്താണോ പറഞ്ഞത് അതൊന്നും പ്രാവർത്തികമാക്കാത്ത, എന്താണോ നിലപാടുകളെടുത്തത് അതൊന്നും പിന്നീട് പ്രവർത്തിക്കാത്ത ഒരു പ്രത്യയശാസ്ത്രവും പാർട്ടിയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ടി.പി. ചന്ദ്രശേഖരവധക്കേസിലായാലും, ഷുക്കൂറിന്റെയും ഷുഹൈബിന്റെയും വധത്തിലായാലും, പെരിയ ഇരട്ടകൊലപാതകക്കേസിലായാലും പാർട്ടിക്ക് യാതൊരുവിധ ബന്ധവുമില്ല എന്നുപറഞ്ഞിട്ട്, പരസ്യമായിട്ടല്ലെ കേസു നടത്താനായി പണം പിരിക്കുന്നതും, ഉത്തരവാദപ്പെട്ട നേതാക്കൾ തന്നെ ജയിലിൽ പോയി പ്രതികളെ സന്ദർശിക്കുന്നതുമെല്ലാം. ഇതൊക്കെ ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

ഏറ്റവും ഒടുവിലായി വർഗ്ഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ.

സി.പി.എം സെക്യുലറാണെന്ന് സ്വയം പറയുന്നുണ്ടെങ്കിലും കാലാകാലങ്ങളിൽ അവരെടുത്തിട്ടുള്ള നയസമീപനങ്ങൾ അതിന് വിരുദ്ധമായിട്ടുള്ളതാണ്. കുറച്ചുകാലം മുൻപുവരെ എങ്ങനെ ന്യൂനപക്ഷപ്രീണനം നടത്താം എന്നുള്ളതായിരുന്നു അവരുടെ നോട്ടം. ഇപ്പോൾ അവരുടെ അടിസ്ഥാനവോട്ടുകളിൽ വ്യത്യാസം വന്നപ്പോൾ മുസ്ലീം വിരുദ്ധത വളർത്തുന്നതിനെപ്പറ്റിയാണ് ഗവേഷണം. മുസ്ലീം വിരുദ്ധ വികാരം വളർത്തി, ബി.ജെ.പിയെപ്പോലെതന്നെ ഹിന്ദു- ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം നടത്തുന്നതിനെപ്പറ്റിയാണ് സി.പി.എമ്മിന്റെ പരീക്ഷണശാലയിൽ ഗവേഷണം നടക്കുന്നത്. അതായത് വർഗ്ഗീയതയെ ചെറുക്കാൻ വർഗ്ഗീയതയുടെ അപ്പോസ്തലന്മാരായി മാറുക എന്നുള്ള നയമാണ് സി.പി.എം സ്വീകരിക്കുന്നത്. ബി.ജെ.പിയേക്കാൾ വലിയ വർഗ്ഗീയ കക്ഷിയായി കേരളത്തിലെ സി.പി.എം മാറി എന്നുള്ളതാണ് ഏതറ്റവും ഒടുവിലത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

? ലഹരിയുടെ ഉപയോഗം വര്ദ്ധിച്ചുവരുന്നതിനെക്കുറിച്ച് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് അതിനെതിരെ ഫലപ്രദമായ ഒരു നിലപാടെടുക്കാൻ സർക്കാരിന് കഴിയാത്തത്.

ഞാൻ പറഞ്ഞില്ലെ, 2016 മുതലുള്ള സ്ഥിതിവിവരം പരിശോധിച്ചാൽ ലഹരിയുടെ ഭീതിജനകമായ വർദ്ധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സ്‌ക്കൂൾ തലം തൊട്ടുതന്നെ സിന്തറ്റിക് ഡ്രഗ്‌സിന്റെ വ്യാപനം നടക്കുന്നുണ്ട്. കൊച്ചുകുട്ടികൾ വരെ സ്റ്റാംപും, എം.ഡ.ിഎം.എയുമൊക്കെ ഉപയോഗിക്കുന്നതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. അതേത്തുടർന്ന് തുടങ്ങുന്ന ക്രിമിനൽ സ്വഭാവം വേറെ. ക്യാമ്പസുകളിൽ നടക്കുന്ന പല സംഘർഷങ്ങളുടേയും ദൃശ്യങ്ങൾ കണ്ടാലറിയാം, അതൊന്നും സ്വബോധത്തോടെ ചെയ്യുന്നതല്ലെന്ന്.

അപ്പോൾ കേരളത്തിൽ ഇതൊക്കെ സ്‌ക്കൂൾ തലം തൊട്ട് വ്യാപിക്കുന്നുണ്ടെങ്കിൽ,  സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാകാത്തതെന്തുകൊണ്ടാണ്. സർക്കാർ മനഃപൂർവ്വമായ ഒളിച്ചുകളി നടത്തുന്നു എന്നുള്ളത് വളരെ വ്യക്തമാണ്. ഇതിൽ പാർട്ടിക്ക് പങ്കില്ലെന്ന് നമുക്കെങ്ങനെ പറയാൻ സാധിക്കും. സർക്കാരും പോലീസും വിചാരിച്ചാൽ ഒറ്റദിവസം കൊണ്ട് ഈ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് തകർക്കാനാകും. കേരളത്തിലെ സ്‌ക്കൂളുകളിലും ക്യാമ്പസുകളിലും പൊതുഇടങ്ങളിലുമൊക്കെ ഇത്രയധികം ലഹരി വ്യാപിക്കുന്നുണ്ടെങ്കിൽ, അത് തടയാൻ സർക്കാരിന് സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് തീർച്ചയായും കേവലമായ അനാസ്ഥയ്ക്കപ്പുറം, ചില ഇടപെടലുകളിലൂടെ അത് തടഞ്ഞുനിർത്താതിരിക്കലാണ് സർക്കാർ ചെയ്യുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ -സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയാൽ അവരെ നമുെക്കങ്ങനെ കുറ്റപ്പെടുത്താനാകും.

? സർക്കാർ നിലപാടുകളെ പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോൾ, ഞങ്ങൾക്കിഷ്ടമുള്ളത് ഞങ്ങൾ ചെയ്യും എന്നൊരു ധാർഷ്ട്യരീതിയാണ് സർക്കാർ കാട്ടുന്നതെന്ന് പറയുന്നത് ശരിയാണോ.

തീർച്ചയായും കുറേക്കാലമായി കേരളത്തിലെ ഭരണാധികാരികൾക്കൊന്നടങ്കം ഈ പറഞ്ഞ വിധം അഹങ്കാരവും, ധിക്കാരവും, ധാർഷ്ട്യവും മൂത്തിരിക്കയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, പ്രാദേശിക പ്രശ്‌നമാണെങ്കിൽക്കൂടി ഈ അടുത്ത ദിവസങ്ങളിൽ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ നടന്നത്. സി.പി.എമ്മിന്റെ ഒരു കൗൺസിലർ, അവർക്ക് നേരിട്ട ദുരിതം കൊണ്ട് യു.ഡി.എഫിന് വോട്ട് ചെയ്യാൻ തീരുമാനിച്ചു. ഈ കൗൺസിലർ ഉൾപ്പെടെയുള്ള ആളുകൾക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു.

സംഭവദിവസം അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ചനടക്കുന്ന ഹാളിന് പുറത്ത് ആ കൗൺസിലർ എത്തിയപ്പോൾ സി.പി.എം നേതാക്കന്മാർ ഇടപെട്ട് പോലീസിന്റെ നേതൃത്വത്തിൽ അവരെ തട്ടിക്കൊണ്ടുപോയി. ഗുരുതര രോഗബാധിതയായ അവരെ സി.പി.എമ്മിന്റെ ഏരിയാക്കമ്മിറ്റി ഓഫീസിൽ, ഒരർത്ഥത്തിൽ ബന്ധനത്തിൽ വച്ചു. ഈ സമയം അവരുടെ രണ്ട് മക്കളും, അമ്മയെക്കാണാനില്ലെന്നുപറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്നു. ഒടുവിൽ അവിശ്വാസപ്രമേയ ചർച്ചയുടെ സമയം അവസാനിച്ചുകഴിഞ്ഞപ്പോഴാണ് ഇവർ അവരെ വീട്ടിൽ കൊണ്ട് തള്ളിയിട്ടിട്ടു പോയത്. എന്നിട്ട് മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ നെഞ്ചുവേദനയനുഭവപ്പെട്ട അവർക്ക് ഗ്യാസിന്റെ ഗുളികയാണ് കൊടുത്തത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തലയിലേറ്റി നടക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഈ ധാർഷ്ട്യവും, ധിക്കാരവും, അഹങ്കാരവുമൊക്കെ കാണിച്ചത്.

ഇതിന് സ്വാഭാവികമായ ഒരു അന്ത്യമുണ്ട്. അത് നമുക്കറിയാം. കമ്മ്യൂണിസ്റ്റ് ഓട്ടോഗ്രാഫിയുടെ അന്ത്യം ചീട്ടുകൊട്ടാരം തകരുന്നതുപോലെയായിരിക്കും. അത് ബംഗാളിൽ നമ്മൾ കണ്ടതാണ്. ത്രിപുരയിൽ കണ്ടതാണ്. ഇതേപോലെ തന്നെ അഹങ്കാരവും ധിക്കാരവും ധാർഷ്ട്യവുമൊക്കെ അവിടെ സഖാക്കന്മാർ ചെയ്തുകൂട്ടിയതിന്റെ ഫലമായി അവസാനം മഷിയിട്ടുനോക്കിയാൽപ്പോലും ഒരു കമ്മ്യൂണിസ്റ്റുകാരനെ കാണാൻ കഴിയാത്ത അവസ്ഥയിലേക്ക് ആ രണ്ട് സംസ്ഥാനങ്ങളും മാറിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഈ കമ്മ്യൂണിസ്റ്റ് ഓട്ടോക്രാറ്റിക് ഐഡിയോളജിയും അതിന്റെ അഹങ്കാരം മൂത്ത നേതാക്കന്മാരുമാണ്.

ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത ഉദാഹരണം കേരളമായിരിക്കും.

? കേരളത്തിൽ നിന്നുള്ള മൈഗ്രേഷന്റെ പ്രധാന കാരണം തൊഴിലില്ലായ്മ മാത്രമാണോ? അതിനപ്പുറമുള്ള ചില കാര്യങ്ങൾ കൂടിയില്ലേ.

ഈ നാട്ടിലെ ചെറുപ്പക്കാർക്ക് ഇവിടെ പഠിച്ച്, ഇവിടെ ജോലിയെടുത്ത്, ഇവിടെത്തന്നെ അവന്റെ ജീവൻ നയിക്കാൻ പാകത്തിന് ആകർഷകമായി എന്താണുള്ളത് എന്ന ചോദ്യം പ്രധാനമാണ്. അവനിവിടെ നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയം ചർച്ച ചെയ്‌തെടുക്കേണ്ടി വരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ പി.എച്ച്.ഡി വിവാദം ഉൾപ്പെടെ ഈ പാർട്ടിക്കാർ നടത്തുന്ന ഓരോ കാര്യങ്ങളുണ്ട്. പി.എച്ച്.ഡിയുടെ വിഷയവും അതിന്റെ ക്ലറിക്കൽ മിസ്റ്റേക്കുകളും പോകട്ടെ, മുഴുവൻ പിശകായ ഒരു തീസിസ് മുഴുവൻ അംഗീകരിച്ചുകൊണ്ട് പി.എച്ച്.ഡി കൊടുത്ത ഒരു യൂണിവേഴ്‌സിറ്റിയിൽ പിന്നെങ്ങനെ ചെറുപ്പക്കാർ പഠിക്കാൻ പോകും?

വെറ്ററിനറി കോളേജ് പോലെ ഒരു ക്യാമ്പസിൽ പഠിക്കാൻ പോയ ഒരു ചെറുപ്പക്കാരനെ നടുമുറ്റത്ത് നഗ്നനാക്കി നിർത്തി റാഗ് ചെയ്യുകയും, പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയുമൊക്കെ ചെയ്തതും കേരളം കണ്ടു. അങ്ങനൊരു ക്യാമ്പസിലേക്ക് ഈ നാട്ടിലെ ഒരു ചെറുപ്പക്കാരൻ എങ്ങനെ പഠിക്കാൻ പോകും.

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് നമുക്കറിയാം. കത്തിക്കുത്ത് കേസ് കഴിഞ്ഞ് പിന്നെ വരുന്ന പോലീസ് റാങ്ക് പട്ടികയിലെ ഒന്നും രണ്ടും പ്രതികൾ അതേ കത്തിക്കുത്ത് കേസിലെ പ്രതികളായിരുന്നല്ലോ. പിന്നെങ്ങനെ പി.എസ്.സിയെ വിശ്വസിച്ച് ചെറുപ്പക്കാർ പരീക്ഷയെഴുതാൻ പോകും. ഈ നാട്ടിലെ ഒരു ചെറുപ്പക്കാരന് അവന്റെ ഇഷ്ടങ്ങൾക്ക്, അവന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ച് എന്താണ് നമുക്ക് കൊടുക്കാൻ സാധിക്കുന്നത്. യൂണിവേഴ്‌സിറ്റികളിലായാലും ഔദ്യോഗിക തലത്തിലുമൊക്കെ അമിതമായ രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നത്. ആരെങ്കിലും ഒരു വ്യവസായം തുടങ്ങാൻ വന്നാൽ അവിടെ നോക്കുകൂലി വാങ്ങുന്ന കാട്ടാളന്മാരായി കുറേ സി.ഐ.ടി.യുക്കാർ നിൽക്കുന്നു.

അങ്ങനെ നാട്ടിലെ ചെറുപ്പക്കാർക്ക് പഠിക്കാനോ, ജീവിക്കാനോ, അല്ലെങ്കിൽ കച്ചവടം ചെയ്യാനോ ഒക്കെയുള്ള എന്ത് സാഹചര്യമാണ് നമ്മൾ ഒരുക്കിക്കൊടുക്കുന്നത്. അവന്റെ ക്വാളിറ്റി ഓഫ് ലൈഫ്, ക്വാളിറ്റി ഓഫ് എഡ്യുക്കേഷൻ, ജോബ് അതൊന്നും കൊടുക്കാനാകാത്ത ഒരു സംസ്ഥാനമായി കേരളം അധഃപതിച്ചതിന്റെ തെളിവാണിതൊക്കെ. തീർച്ചയായും ഇത്രയും മൈഗ്രേഷൻ ഉണ്ടായതിന്റെ മുഖ്യമായ കാരണം ഇതൊക്കെയാണ്. അതായത് മൈഗ്രേഷൻ ഇങ്ങനെ കൂടുന്നതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് സാരം.

? ഈ പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തോട് അത്ര വലിയ താൽപ്പര്യമൊന്നും ഇല്ല എന്നു പറഞ്ഞാൽ അത് വാസ്തവമാണോ.

ശരിയാണ്. എന്ന് കരുതി പുതിയ തലമുറ അരാഷ്ട്രീയവാദികളുമല്ല.അവരുടെ രാഷ്ട്രീയം ലാഭനഷ്ടങ്ങളില്ലാതെ പ്രവർത്തിക്കുക, സാധാരണക്കാരന്റെ വിഷയത്തിൽ ഇടപെടുക.. ഒക്കെയാണ്.. സ്‌പൊണ്ടേനിയസായ പ്രതികരിക്കുന്ന, എനർജറ്റിക്കും വൈബ്രന്റുമായ ഒരു വിഭാഗം തന്നെയാണ് നമ്മുടെ പുതിയ തലമുറ.

അതിന്റെ ഒരുദാഹരണമാണ് 2018 ലെ പ്രളയകാലത്ത് ആരുടെയും ആഹ്വാനമില്ലാതെ തന്നെ രക്ഷാപ്രവർത്തനത്തിന് ചാടിയിറങ്ങുവാൻ അവർ തയ്യാറായത്. കൊറോണയുടെ സമയത്തും അതുതന്നെയുണ്ടായി. എന്നാൽ ഓർഗനൈസ്ഡ് ആയിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുവാൻ ഇവർക്ക് താൽപ്പര്യമില്ല എന്നുള്ളത് സത്യമാണ്. അതിനുപക്ഷേ പുതിയ തലമുറയെ കുറ്റം പറയുന്നതിന് മുൻപ് സ്വയം വിമർശനപരമായി പുതിയ തലമുറയുടെ അഭിരുചിക്കനുസരിച്ച് നയങ്ങളും നയസമീപനങ്ങളും പരിപാടികളും മാറ്റാൻ പറ്റാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉത്തരവാദികളാണെന്ന് മനസ്സിലാക്കണം. കാരണം, പുതിയ തലമുറയുടെ സ്വപ്നങ്ങൾ എ-ഐ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവരുടെ അഭിരുചികളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുവാൻ കഴിയുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഉണ്ടാവുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ഐഡിയോളജി അവരിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ, കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഭാഷ അവരുടെ ഭാഷയായിരിക്കണം.

അപ്പോൾ പുതിയ കാലഘട്ടത്തിനനുസരിച്ച് പാർട്ടി നടപരിപാടികളിലും പാർട്ടിയുടെ പോളിസി മേക്കിംഗിലുമൊക്കെ വ്യത്യാസം വരുത്തിയാൽ മാത്രമേ പുതിയ തലമുറയ്ക്ക് നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുവാനും അതിനോട് ചേർന്ന് ചിന്തിക്കുവാനുമൊക്കെ അവസരം ലഭിക്കുകയുള്ളൂ. പിന്നെ, സി.പി.എമ്മിന്റെ അമിതമായ രാഷ്ട്രീയവൽക്കരണം. ഓരോ മേഖലയിലും അമിതമായ രാഷ്ട്രീയവൽക്കരണം ഈ കുട്ടികളെയൊക്കെ രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ടടിക്കുന്നു എന്നുള്ളത് വളരെ വ്യക്തമാണ്.

? മുഖ്യമന്ത്രിക്കും മകൾക്കുമൊക്കെ എതിരെ നിരന്തരം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ ഒന്നില്ലാതെ ചീറ്റിപ്പോകുന്നത് ആരോപണങ്ങളിൽ കഴമ്പില്ലാത്തതുകൊണ്ടാണോ.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീൽ പച്ചപ്പരമാർത്ഥമാണ്. ഇൻഡ്യാരാജ്യത്ത് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരിൽ ഇത്രയും ആരോപണം നേരിട്ട ഒരു മുഖ്യമന്ത്രി വറെ കാണില്ല. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ സ്വർണ്ണക്കടത്ത്, സോളാർക്കടത്ത്, ലൈഫ് മിഷൻ അഴിമതി, മകളുമായി ബന്ധപ്പെട്ട അഴിമതി... അങ്ങനെ എത്രയെത്ര അഴിമതി ആരോപണങ്ങളാണ് ഉണ്ടായത്. സ്വർണ്ണക്കടത്തിന്റെ കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് ഭരണമുന്നണിയിൽപ്പെട്ട ഒരു എം.എൽ.എ തന്നെ ആരോപണം ഉന്നയിച്ചു. അത്രയുമൊക്കെയായിട്ടും ഇത്രയും പ്രിവിലേജ് കിട്ടുന്ന, ഒരു തവണപോലും ചോദ്യം ചെയ്യലിന് വിധേയനാകാത്ത ഒരു മുഖ്യമന്ത്രിയുടെ പേരുചോദിച്ചാൽ അത് പിണറായി വിജയനാണ്. അത് വ്യക്തമായ ഡീൽ ആണ്.

രാജ്യത്തെ മറ്റ് മുഴുവൻ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരേയും വേട്ടയാടുന്ന ബി.ജെ.പി ഇത്രയും ആരോപണങ്ങളുണ്ടായിട്ടും ഒരു മുഖ്യമന്ത്രിയെ മാത്രം വെറുതെ വിടുന്നുണ്ടെങ്കിൽ അത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമാന്യതയല്ല. ബി.ജെ.പി കൊടുക്കുന്ന ഔദാര്യമാണ്. സ്‌നേഹപ്രകടനമാണ്. ചുരുക്കിപ്പറഞ്ഞാൽ ആർ.എസ്.എസിന്റെ ഏജന്റായിട്ടാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചും ഉണ്ട്. കെ. സുരേന്ദ്രനെതിരെ കുഴൽപ്പണക്കേസ് വന്നു. എന്നിട്ട് എന്തുനടപടിയാണെടുത്തത്. സുരേന്ദ്രന്റെ ഇലക്ഷൻ കേസ് വെറുതെ വിട്ടത് എങ്ങനെയാണെന്ന് കാസർഗോഡ് കോടതിയുടെ വിധി പരിശോധിച്ചാൽ കൃത്യമായിട്ടറിയാം. ഒരു വർഷം കൊണ്ട് കൊടുക്കേണ്ട പോലീസ് റിപ്പോർട്ട് വച്ചുതാമസിപ്പിച്ച് രണ്ട് വർഷമാക്കിയതുകൊണ്ടാണ് സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ കോടതിക്ക് കഴിയാതെ പോയത് എന്ന് വളരെ കൃത്യമായി കാര്യങ്ങൾ എഴുതിവച്ചുകൊണ്ടാണ് കോടതി കേസ് തള്ളിക്കളഞ്ഞത്. എന്നുപറഞ്ഞാൽ കേരളത്തിലെ പോലീസ് സുരേന്ദ്രനെ സഹായിച്ചുകൊണ്ടിരിക്കുന്നു എന്നർത്ഥം. ഇവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നുള്ളതിന് വേറെ തെളിവുവേണോ?

ഇപ്പോൾ എ.ഡി.ജി.പി അജിത്കുമാറുമായി ബന്ധപ്പെട്ട വിഷയം. സ്വന്തം ഘടകകക്ഷി നേതാവാണ് പറഞ്ഞത് ഇയാൾ പൂരം കലക്കി എന്ന്. എന്നിട്ടും അയാൾക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ആദ്യം സ്ഥലം മാറ്റി. തൊട്ടുപിറകെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി. ആർ.എസ്.എസിന്റെ രണ്ട് പ്രധാനപ്പെട്ട നേതാക്കളെ ഔദ്യോഗികപരിവേഷത്തിൽ തന്നെ പോയിക്കണ്ട എ.ഡി.ജി.പിയോട് അത് സംബന്ധിച്ച് ഒരു വിശദീകരണം ചോദിക്കാൻ പോലും കേരളത്തിലെ മുഖ്യമന്ത്രിക്ക് സാധിച്ചില്ല എന്നുപറയുമ്പോൾ, കേരളത്തിലെ മുഖ്യമന്ത്രി ആർ.എസ്.എസ് കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഭരിക്കുന്നതെന്നും, അതിന്റെ പ്രത്യുപകാരമാണ് മുഖ്യമന്ത്രിയുടെ മകളുടെ ജീവൻ എന്നുമുള്ളത് സ്പഷ്ടമാവുകയാണ്.

? ഈ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണല്ലോ നിങ്ങൾ ഉന്നയിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങൾ അധികാരത്തിൽ വന്നാൽ...?

ഇനി വരാൻ പോകുന്ന ഗവൺമെന്റ് കേരളത്തിന്റെ ചരിത്രത്തിൽ  വലിയ മാറ്റങ്ങൾ ഉണ്ടാക്കേണ്ട സർക്കാരാണ്. എങ്ങനെയുള്ള മാറ്റങ്ങൾ? ആദ്യം എക്‌സ്പ്രസ് ഹൈവേയുടെ കാര്യം തന്നെ എടുക്കാം. അങ്ങനൊരു കാര്യം ആദ്യം ചർച്ച ചെയ്തത് 2001 ലെ യു.ഡി.എഫ് സർക്കാരാണ്. മുടക്കിയത് എൽ.ഡി.എഫും. ഗോപാലൻ ചേട്ടന്റെ പശുവിന് അപ്പുറത്തുനിന്ന് ഇപ്പുറത്തേക്ക് പോകാൻ പറ്റില്ല എന്നുപറഞ്ഞുകൊണ്ടാണ് എതിർത്തത്. എന്നിട്ട് അതാണ് ഇന്ന് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 25 വർഷം വൈകി അത് നടപ്പിലാക്കുമ്പോൾ, കേരളത്തിലുണ്ടാകേണ്ടിയിരുന്ന വികസനത്തെ എത്രമാത്രം പിന്നോട്ടടിച്ചു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുപോലെ എ.ഡി.ബി വായ്പ കൊടുക്കാൻ വന്ന വിദേശസംഘത്തെ കരിഓയിലിൽ കുളിപ്പിച്ചത് ഡി.വൈ.എഫ്.ഐയും സി.പി.എമ്മുമാണ്. ആ അവരിന്ന് ഓരോ വിദേശവായ്പാ സ്ഥാപനങ്ങളുടെയും മുൻപിൽ വായ്പയ്ക്കുവേണ്ടി കൈകൂപ്പി നിൽക്കുകയാണ്. കിഫ്ബിയ്ക്ക് വിദേശവായ്പ കിട്ടാൻ വേണ്ടി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നിൽ മണിയടിച്ചവരാണ് കേരള സർക്കാർ. അതുതന്നെയാണ് വിദേശസർവ്വകലാശാലകളുമായിട്ടുള്ള നമ്മുടെ യൂണിവേഴ്‌സിറ്റിയുടെ ബന്ധം വിദ്യാഭ്യാസക്കച്ചവടമാണെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയ സമരങ്ങൾ നമുക്കറിയാം. ടി.പി. ശ്രീനിവാസൻ സാറിന്റെ മുഖത്തടിച്ച എസ്.എഫ്.ഐക്കാരെയും നമുക്കറിയാം. എന്നിട്ടിന്ന്, ഞങ്ങളുടെ യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിദേശ സർവ്വകലാശാലകൾക്ക് മുൻപിൽ പോയി നിൽക്കുകയാണ് കേരള സർക്കാർ. അപ്പോൾ വിദ്യാഭ്യാസ മേഖലയെ എത്രമാത്രമാണ് ഇവർ പിറകോട്ട് നടത്തിച്ചത്. ഈ വിഷയത്തിലൊക്കെ വലിയ രീതിയിലുള്ള നയം മാറ്റം അടുത്ത ഗവൺമെന്റിന്റെ ഉറപ്പായിരിക്കും.

? അടുത്ത തെരഞ്ഞെടുപ്പിൽ യുവാക്കളുടെ പ്രാതിനിധ്യം കൂടുമോ.

തീർച്ചയായും യൂത്ത് കോൺഗ്രസ് അത് ആവശ്യപ്പെടും. പരമ്പരാഗത ശൈലിയിൽ നിന്ന് മാറിക്കൊണ്ട് പുതിയ കാലഘട്ടത്തിനനുസൃതമായി,  മൈഗ്രേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ കുറേക്കൂടി മുന്നിൽ കണ്ടുകൊണ്ട് ചെറുപ്പക്കാർക്ക് ഇവിടെ നിൽക്കാനുള്ള സാഹചര്യം അടുത്ത സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഒപ്പം ഇപ്പോഴത്തെ സർക്കാരിന്റെ പല ചെയ്തികളും പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.

യുവാക്കളുടെ കാര്യം. കേരളത്തിൽ യു.ഡി.എഫിന്റെ എം.എൽ.എമാരിൽ ഭൂരിഭാഗവും ഇപ്പോൾതന്നെ ചെറുപ്പക്കാരാണ്. എങ്കിൽക്കൂടി പഞ്ചായത്ത് പാർലമെന്റ് വരെ യുവാക്കളുടെ ഒരു വലിയ നിര തന്നെയാകും ഇനി കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുക. അതിനുവേണ്ടി യൂത്ത് കോൺഗ്രസ് ശക്തമായ വാദിക്കും. ആദ്യം ആവശ്യപ്പെടാൻ പോകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലായിരിക്കും. ചെറുപ്പക്കാരുടെ സ്വപ്നങ്ങൾക്ക് പൂർണ്ണതയേകാൻ 50 ശതമാനം സ്ഥാനാർത്ഥിത്വമെങ്കിലും ചെറുപ്പക്കാർക്ക് നൽകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത് നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും നടപ്പിലാക്കണം. ആ ആവശ്യം അടുത്ത യൂത്ത് കോൺഗ്രസ് യോഗത്തിൽ ഞാൻ അവതരിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ഒരു ജനറേഷണൽ ചെയ്ഞ്ച് അത്യാവശ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img